Thursday 1 September 2016

അർജുൻ

ഗുൽമോഹർ പൂത്തപ്പോൾ :
അർജുൻ 




വരാന്തയിൽ സാമാന്യം നല്ല രീതിയിൽ വസ്ത്രം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഇന്നത്തെ അവസാന ഇരയെ തേടിയണഞ്ഞ സെയിൽസ് റെപ്രെസെന്ററ്റീവ് ആണെന്ന് തോന്നുന്നു.
" എന്താ?"
"അരുന്ധതി ആൻറി ഇല്ലേ?"
ഓ, അപ്പോ അമ്മമ്മയെ അന്വേഷിച്ചാണ് വരവ്. എന്തിനാണാവോ? ഇനി വല്ല പബ്ലിഷറോ പത്രപ്രവർത്തകനോ മറ്റോ ആണോ?

പറയാൻ മറന്നു. എന്റെ അമ്മമ്മ ഒരു പ്രശസ്തയായ എഴുത്തുകാരി ആണ്. നിങ്ങൾ കേട്ടിട്ടുണ്ടാവും. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ അരുന്ധതി മുകുന്ദൻ. അച്ചഛൻ  മരിച്ച ദുഃഖം മറക്കാൻ അമ്മമ്മ കുറിച്ചിട്ട കവിതകൾ, ആ വാക്കുകളിലെ വേദന  കേരളക്കരയാകെ കൈനീട്ടി സ്വീകരിച്ചപ്പോൾ ലോകത്തിനു ലഭിച്ചത് ഒരു മികച്ച എഴുത്തുകാരിയെ ആയിരുന്നു. അതിനു ശേഷം അമ്മമ്മയുടെ തൂലികയിൽ നിന്ന് ഒരു പാട് കൃതികൾ പിറന്നു. പത്രപ്രവർത്തകരും പ്രസാധകരും ആതു കൊണ്ടിവിടെ  നിത്യ സന്ദർശകരാണ്. ഇയാൾ പത്രപ്രവർത്തകൻ ആവാനാണ് സാധ്യത.

"ആരാ ?" ഒരു ചെറു ചിരിയോടെ, അല്പസ്വല്പം ബഹുമാനം ഭാവിച്ചു  ഞാൻ ചോദിച്ചു. പത്രിത്തിലോമറ്റോ വേണ്ടാത്തതെഴുതി കളയും ഇവറ്റകൾ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
'ആരാ മോളെ?"
അയാൾ  ഉത്തരം പറയുന്നതിന് മുന്നേ അമ്മമ്മ വരാന്തയിലെത്തി.
"അർജുനോ? വാ മോനേ. കയറിയിരിക്ക്. എത്ര ദിവസമായി കണ്ടിട്ട്."
"ഞാൻ ഈ ഗുളിക തരാൻ വേണ്ടി വന്നതാ. വിശാലിന്‌ വരാൻ പറ്റിയില്ല."

അർജുൻ. വിശാൽ. ഈ പേരുകൾ ഒരുമിച്ചു കേട്ടപ്പോൾ എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി. ഭഗവാനേ ഇതാണോ അർജുൻ?
 എന്റെ അനുമാനം ശരിയാണെങ്കിൽ ഇത് എന്റെ ഏട്ടൻ വിശാലിന്റെ ക്ലാസ്സ്‌മേറ്റും, ഉറ്റ സുഹൃത്തും  ആയ ഡോക്ടർ അർജുൻ ആണ്  . വിശാൽ ഈ മഹാനെ കുറിച്ച് വാതോരാതെ സംസാരിച്ചു സംസാരിച്ചു ഞാൻ അറിയാതെ  ആരാധിച്ചു തുടങ്ങിയിരുന്ന, ഞാൻ ഇതു  വരെ കണ്ടിട്ടില്ലാത്ത   എന്റെ സ്വപ്ന കാമുകൻ. അമ്മമ്മയുടെ പേഴ്‌സണൽ ഡോക്ടർ.
 വിശാലിന്റെ 'അമ്മ അതായതു  എന്റെ ഇളയമ്മ ഉമ ആൻറ്റിക്കു പിത്താശയ ശസ്‌ത്രക്രിയ നടന്നപ്പോൾ ഹോസ്പിറ്റലിൽ ദിവസങ്ങളോളം ഉറക്കമൊഴിഞ്ഞു കൂട്ടിരുന്ന കൂട്ടുകാരൻ. ആരാധിച്ചു തുടങ്ങാൻ ഇത്രയും കാരണം പോരെ?
ധാരാളം!! അല്ലെ? കൗതുകത്തോടെ  ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന യുവാവിനെ വീക്ഷിച്ചു.

ഒരു ദുൽഖർ  സൽമാൻ ലുക്ക് ഉണ്ട് കക്ഷിക്ക്‌. കട്ടിയുള്ള പുരികങ്ങൾ, തീക്ഷണതയുള്ള കണ്ണുകൾ, ചീകി മിനുക്കിയ മുടി. ഏകദേശം ആറടിയിൽ ഏറെ പൊക്കം. കൂടാത്തതിന് മെഡിക്കൽ കോളേജിൽ കാർഡിയോളോജിസ്റ് ആയി ജോലി നോക്കുന്നു. പോരെ പൂരം.
ഒരു വിധം ഏതു പെണ്ണും ഇഷ്ടപെടുന്ന പലതും ദൈവം ഈ കക്ഷിക്ക്‌ കോരിചൊരിഞ്ഞു കൊടുത്തിരിക്കുന്നു. ഒട്ടും മടിക്കാതെ ഞാൻ അമ്മമ്മയുടെ പിറകിൽ നിന്ന് വായിനോട്ടം ആരംഭിച്ചു. വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഇപ്പൊ തന്നെ മൂക്കുകുത്തി പ്രണയത്തിലേക്ക് വഴുതിവീണിട്ടുണ്ടാകo. ഞാൻ പിടിച്ചു നിൽക്കുo! ഞാൻ വീഴില്ല.
"നന്ദി അർജുൻ. അത് എന്റെ കാര്യസ്ഥൻ ഗോപുവിന്റെ ഭാര്യ ദേവിക്കുള്ളതാ. അവൾക്കു വല്ലാത്ത ഒരു തലവേദന. ഗോപുവാണേൽ ബാംഗളൂർ പോയിരിക്കുകയായിരുന്നു. വിശാൽ കൊണ്ട് വരും എന്നാ ഞാൻ വിചാരിച്ചത്. ഒരു പാട് നാളായി അവനെ കണ്ടിട്ട്."
"അവൻ വരാനിറങ്ങിയതാ. അപ്പോഴേക്കും ഒരു എമർജൻസി കേസ് വന്നു. ഞാൻ ഈ വഴി വരുന്നതല്ലേ. അത് കൊണ്ട് അവൻ എന്നെ ഏൽപ്പിച്ചു. ഇതാരാ ആന്റി ?"
അവസാനത്തെ വാക്കുകൾ  എന്നെ ചൂണ്ടികൊണ്ടായിരുന്നു.
"എന്റെ പേരക്കുട്ടി അനന്യ. എന്റെ സുകന്യയുടെ മോൾ. ബാംഗ്ലൂരിലാ.
അനു ,ഇതാരാണെന്ന് മനസ്സിലായോ? നമ്മുടെ വിശാലിന്റെ കൂട്ടുകാരൻ ഡോക്ടർ അർജുൻ. ഇപ്പൊ നമ്മുടെ അയൽക്കാരൻ കൂടിയാണ്."

ഞാൻ ഒരു ചെറുചിരിയോടെ  'ഹായ്' പറഞ്ഞു. അയൽക്കാരനോ? അത്എ പ്പോൾ  സംഭവിച്ചു?
"അനന്യ എന്തു  ചെയ്യുന്നു?" അർജുന്റെ ചോദ്യം.
"അവസാന വർഷ  എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആണ്." ഈശ്വരാ, ഇതെന്തായിത്. വാക്കുകൾ വരണില്ല. ഈ ആരാധന തലയ്ക്കു പിടിച്ചാൽ വരണ ഒരു വിറയില്ലേ ? അതു എന്നെ പിടികൂടിയോ ഈശ്വരാ ?
"ശരി . അപ്പൊ ഞാൻ ഇറങ്ങട്ടെ. വീണ്ടും കാണാം."
"പോവുവാണോ ? ചായകുടിച്ചിട്ടു പോകാൻ മോനെ!"
"വേണ്ട ആന്റി. 'അമ്മ കാക്കണുണ്ടാവും."
അർജുൻ പടിയിറങ്ങി പോയപ്പോൾ എന്തോ ഒരു നഷ്ടബോധം. അവന്ടെ ടൊയോട്ട കാർ ഒരു വളവുതിരിഞ്ഞു കാണാതാകും വരെ അമ്മമ്മയും ഞാനും നോക്കി നിന്നു.
"അയാളെങ്ങിനെയാ നമ്മുടെ അയൽക്കാരനാകുന്നെ? എവിടെയാ താമസം?"
"നമ്മുടെ കുളത്തിന്റെ കിഴക്കേമൂലക്കുള്ള ആ സ്ഥലമില്ലേ ആ പഴയ കടയുണ്ടായിരുന്നിടം? ഇവർ അവിടെ വീട് വച്ച് താമസമാക്കിയിട്ടു രണ്ടു വർഷമായി. നീ വരാതെയായിട്ടു കൊല്ലം മുന്നായില്ലേ! പല മാറ്റങ്ങൾ വന്നിട്ടുണ്ട് ശ്രീപുരത്ത്."
"ആ സ്ഥലം അമ്മമ്മയുടെ മാധവൻ അമ്മാവന്ടെതല്ലേ?"
"അതെ, അതെ. അർജുൻ അദ്ദേഹത്തിന്റെ പേരമകനാ. രാജശേഖരൻ, അർജുനിന്റെ അച്ഛൻ ഇവിടെ  വന്നതിനു ശേഷമാ മരിച്ചേ. പാവം കുട്ടി, അതു ഒരു പാട് വിഷമിച്ചു . വിശാൽ ഇവിടുണ്ടായിരുന്നു കുറേ  നാൾ അര്ജുന് കൂട്ടായ്."
കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ ഒരു മൂവർ സംഘം വീട്ടിനുള്ളിലേക്ക്  ഇരച്ചു കയറി. അമ്മു, ദീപക്, അച്യുത്.  എന്റെ കുട്ടിപ്പട്ടാളം. ഒമ്പത് വയസ്സുകാരി അമ്മുവാണ് സംഘത്തലവി. തന്ടെ ചേട്ടൻ ദീപകിനേയും  ഇളയമ്മയുടെ മകൻ അച്യുതിനെയും അവൾ അടക്കി ഭരിക്കുന്നു. അവളുടെ ഭാവം കണ്ടാൽ മുന്ന് വയസ്സ് അവൾക്കാണ് കൂടുതൽ എന്നേ  ആർക്കും തോന്നു.
"അനു വന്നേ, അനു വന്നേ..." ഈ പാട്ടും പാടി അവർ ആദിവാസി നൃത്തo ചവിട്ടി എന്റെ വരവാഘോഷിച്ചപ്പോൾ ഞാനും അവരുടെ ഒപ്പം കൂടി.


















Sunday 3 January 2016

ഗുൽമോഹർ പൂത്തപ്പോൾ

അദ്ധ്യായം 1 


തിരിച്ചു വരവിലുള്ള  ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാതതല്ലേ?
ഈ  യാത്ര അവസാനിക്കുന്നത്‌ ശ്രീപുരത്തെ അമ്മമ്മയുടെ വീട്ടിൽ ആണെന്നൊർത്തപ്പൊൾ  ഹൃദയം ആഹ്ലാദ നൃത്തം ചവിട്ടി .

എന്ടെ  ശ്രീപുരം...

 കാറിന്ടെ ജനാല  തുറന്നു ഞാൻ അവളെ  തഴുകിയുറക്കുന്ന അറബികടലിന്ടെ വർഷകാല സംഗീതത്തിനായ് കാതോർത്തു . ഒരു അപരിചിതന് കോലാഹലമായി തോന്നിയെക്കാവുന്ന  ആ സംഗീതം എനിക്കെന്നും നൽകിയത്‌ ഗൃഹാതുരത്വത്തി ന്ടെ ഊഷ്മള സ്മരണകളായിരുന്നു.

ദയാലുവായ ദൈവം ആദമിനെയും ഹൗവ്വയേയും സ്വർഗത്തിൽ നിന്നും  പുറത്താക്കിയെങ്ങിലും, അവർക്കായി ഭൂമിയിൽ അങ്ങിങ്ങായി ചെറിയ ചെറിയ പറുദീസകൾ നിർമിച്ചു കൊടുത്തു എന്ന് അമ്മമ്മ  പറയാറുണ്ട് . അവയിൽ  ഒന്നാണ് എന്ന് തോന്നുന്നു എന്റെ ശ്രീപുരം. മൈലുകളോളം പരന്നു കിടക്കുന്ന പച്ചപാടങ്ങൾ , തിങ്ങി വളരുന്ന തെങ്ങുകൾ , ആകാശത്തെളിമയുള്ള ചെറു പൊയ്കകൾ, പശ്ചിമ ദിക്കിൽ കാവലായി അറബിക്കടൽ ... എല്ലാം എല്ലാം എന്റെ ശ്രീപുരത്തെ  അതി സുന്ദരിയാക്കുന്നു. സൂര്യൻ നിറങ്ങൾ  കൊണ്ട് കളിച്ചു മടുത്ത്,  തന്ടെ ചിത്രരചന മതിയാക്കി  കടലിലേക്ക്‌ മറഞ്ഞാലും, സഞ്ചാരികൾ ശ്രീപുരത്തിന്ടെ മനോഹര തീരം വിട്ടു പോകാൻ മടിച്ചു. ഓരോ ഋതുവും അവളെ മിഴിവാർന്ന നിറങ്ങൾ അണിയിക്കാൻ മത്സരിച്ചു .

ചാരവർണ്ണമണിഞ്ഞ ആകാശം കുഞ്ഞു മഴത്തുള്ളികൾ വാരിയെറിഞ്ഞു എനിക്ക് സ്വാഗതം ഓതി . മറുപടിയായ് എന്റെ ഹൃദയo ഒരു ആഹ്ലാദ ഗാനം പാടി .

ഈറനണിഞ്ഞു  പച്ചയുടുത്ത എന്ടെ  സുന്ദരിയോടൊപ്പം ഒരു അവധിക്കാലം.

 എന്ജിനീരിംഗ് പഠനതിന്ടെ തിരക്കിൽ എനിക്ക് നഷ്ട്ടപ്പെട്ടത്  ശ്രീപുരത്ത് ഞാൻ ആഘോഷിച്ച എന്റെ അവധിക്കാലങ്ങൾ ആയിരുന്നു. ആറുമാസത്തിൽ ഒരിക്കൽ വന്നുചേർന്ന സെമസ്റ്റെർ ബ്രേക്കുകൾ പരീക്ഷകളും, പഠനയാത്രകളും കവര്ന്നെടുത്തതു കാരണം മൂന്നു വര്ഷത്തിനു ശേഷമായിരുന്നു ശ്രീപുരത്തെക്കുള്ള ഈ യാത്ര. എല്ലാ അവധിക്കാലങ്ങളിലുo  ശ്രീപുരത്തേക്ക് ഓടിവരാൻ കൊതിച്ച മനസ്സിനെ അടക്കാൻ ഞാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രം അറിയാം. കഷ്ടം തോന്നി ആ പാവം ഒടുവിൽ എന്ടെ പ്രാര്ത്ഥന കേട്ടു.

അമ്മമ്മയുടെ വീട്ടിൽ എത്തിയപ്പോഴേക്കും മഴ കാണാതിരുന്നു. വരാന്ദയിൽ നിറഞ്ഞ ചിരിയോടെ എന്നെ കാത്തു അമ്മമ്മ ഇരിപ്പുണ്ടായിരുന്നു. മുണ്ടും വേഷ്ടിയും ധരിച്ച്, വെള്ളിനിറമുള്ള തന്ടെ മുടി ഒതുക്കി കെട്ടി, ഈ കോരിച്ചൊരിയുന്ന മഴയിലും ഒരു തുമ്പപ്പൂവിന്ടെ  പ്രസരിപ്പോടെ!
ഗോപു കാർ മുറ്റത്ത് നിർത്തിയ നിമിഷം, ഞാൻ ഇറങ്ങിയോടി. മഴയത്തൊരു ഡാൻസ്, അതായിരുന്നു ഉദ്ദേശം.
അമ്മമ്മ ചിരിച്ചുകൊണ്ട് തന്നെ എന്നെ സ്വീകരിച്ചു പക്ഷെ നനഞു കുതിർന്ന എന്റെ മുടി കണ്ടപ്പോൾ ആ ചിരി മാഞ്ഞു .
"അനു, ഇപ്പോഴും കുട്ടിയാനെന്നാണോ വിചാരം? നീ എപ്പോഴാ നന്നാവുക ?"
"അമ്മമ്മേ, വഴക്ക് പറയല്ലേ. എന്റെ കാര്യം എന്റെ ചക്കരയ്ക്ക് അറിയില്ലേ? മഴ ആസ്വദിക്കാൻ കിട്ടിയ ഒരു അവസരം ഞാൻ പഴാക്കുമോ?"
ചെവി പിടിക്കാൻ ഒരുങ്ങിയ അമ്മമ്മയ്ക്ക് പിടി കൊടുക്കാതെ ഞാൻ വീട്ടിനുള്ളിലേക്ക് ഓടി കയറി. ഫിൽടർ കാപ്പിയുടെ മണം പിന്തുടർന്ന എന്റെ യാത്ര ഡൈനിങ്ങ്‌ ടാബിളിൻ മുന്നിൽ അവസാനിച്ചു. പ്രതീക്ഷിച്ചതു പോലെ അപ്പവും വറുത്തരച്ച കോഴിക്കറിയും എന്നെയും കാത്തു അവിടെ ഇരിപ്പിടുണ്ടായിരുന്നു. മനുഷ്യനെ എളുപ്പത്തിൽ വശത്താകുവാനുള്ള കെണി, കൊതിപ്പിച്ചു കൊല്ലുക ! ഒരു പ്രതിഷേധ സൈറണ്‍ മുഴക്കി  എന്റെ വയർ 'ഉടൻ ' എന്ന്  മോങ്ങി.
"അമ്മമ്മേ, ദേ , എന്റെ വയർ ശരണം വിളി തുടങ്ങി. ടൈറ്റാനിക് മുങ്ങാൻ പാകത്തിൽ വെള്ളമുണ്ട് വായിൽ. ഈ അപ്പവും കോഴിക്കറിയും എന്നെ കൊല്ലാതെ കൊല്ലും." കസേര വലിച്ചിട്ടു ഞാൻ വെട്ടി വലിച്ചു തിന്നാൻ റെഡി ആയി. കഴിയാവുന്നത്ര അപ്പം അകത്താക്കണം. അതു മാത്രമായിരുന്നു ലക്‌ഷ്യം.
"ജലദോഷം വരുത്തി വയ്ക്കാൻ ആണോ നിന്ടെ ഭാവം? നനഞ്ഞ കൊഴിയെപ്പോലുണ്ട് നീ ഇപ്പോൾ. പോയി ഡ്രസ്സ്‌ മാറി, മുടി ഉണക്കി വാ. എന്നിട്ട് മതി," അമ്മമ്മ, കാസ്സെരോൾ മൂടിക്കൊണ്ട് പറഞ്ഞു
"എന്റെ പോന്നല്ലേ, ഞാൻ തിന്നിട്ടു ഡ്രസ്സ്‌ മാറാം." ഞാൻ ഒരു അവസാന ശ്രമം നടത്തിനോക്കി. ഫലിച്ചില്ല!
പെട്ടന്ന് തന്നെ  ഡ്രസ് മാറി മുടിയുണക്കി ഞാൻ തിരിച്ചു വന്നു എന്റെ വയറിന്ടെ കാളൽ അവസാനിപ്പിക്കാനിരുന്നു. മുട്ടോളം എത്തുന്ന എന്റെ നീല കാപ്രി പാന്റും, ചിത്രതുന്നാൽ ചെയ്തു മനോഹരമാക്കിയ  ഷർട്ടും അമ്മമ്മയുടെ പ്രീതി സമ്പാതിച്ചു എന്ന് എനിക്ക് മൂപ്പത്തിയുടെ ചിരിയിൽ നിന്ന് മനസ്സിലായി. ആണ്‍കുട്ടിയെപ്പോലെ വേഷം ധരിക്കാൻ ഇഷ്ടമുള്ള എനിക്ക് ഏറ്റവും വലിയ പിന്തുണ അമ്മമ്മ ആണ്.
"ഉം... അടിപൊളി അപ്പം. ഇത് ഷെയ്ഖ്സ്പീർ കഴിച്ചിരുന്നെങ്ങിൽ ഒരു അയ്യായിരം സോണെറ്റ്  എഴുതിയേനേ!" അപ്പവും കൊഴിക്കറിയും എന്റെ രസമുകുളങ്ങളെ താലോലിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മന്ത്രിച്ചു.
 അമര്‍ത്തിച്ചിരിചെങ്കിലും അമ്മമ്മ മിണ്ടാതിരുന്നു ഭക്ഷണം കഴിക്കാൻ ആജ്ഞാപിച്ചു. ഒരു വിഷമവും പ്രകടിപ്പിക്കാതെ ഞാൻ അതനുസരിച്ചു.
സമയം സന്ധ്യയോട് അടുത്തിരുന്നു. സൂര്യൻ തന്ടെ അസ്ത്രങ്ങൾ ഓരോന്നായി ആവനാഴിയിലേക്ക് തിരിച്ചു വച്ച് , യാത്ര തിരിക്കാൻ തുടങ്ങിയിരുന്നു. എങ്ങോ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധവും പേറി ഒരിളം തെന്നൽ മുറിയിലൂടെ ചുറ്റി നടന്നു. കു‌ടെ എന്റെ മനസ്സും ഗതാകാലങ്ങളിലേക്ക് യാത്ര തിരിച്ചു. എത്ര എത്ര ഓർമ്മകൾ ഉറങ്ങുന്നു ഈ വീട്ടിൽ.

അപ്രതീക്ഷിതമായി കാള്ളിംഗ് ബെല്ലിന്ടെ ശബ്ദം മുഴങ്ങിയപ്പോൾ, ഞാൻ ചെറുതായൊന്നു ഒന്ന് ഞെട്ടി.

"ആരായിരിക്കും അത്?"
"ഞാൻ നോക്കാം അമ്മമ്മേ! അത് അമ്മുവും കൂട്ടരും ആവും." കൈ കഴുകിയ  ശേഷം കളിക്കുട്ടുകാരെ കാണുവാനുള്ള ആവേശത്തോടെ, ഞാൻ വാതിൽ തുറക്കാനായി ഓടി.

തുടരും ...