അദ്ധ്യായം 1
തിരിച്ചു വരവിലുള്ള ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാതതല്ലേ?
ഈ യാത്ര അവസാനിക്കുന്നത് ശ്രീപുരത്തെ അമ്മമ്മയുടെ വീട്ടിൽ ആണെന്നൊർത്തപ്പൊൾ ഹൃദയം ആഹ്ലാദ നൃത്തം ചവിട്ടി .
എന്ടെ ശ്രീപുരം...
കാറിന്ടെ ജനാല തുറന്നു ഞാൻ അവളെ തഴുകിയുറക്കുന്ന അറബികടലിന്ടെ വർഷകാല സംഗീതത്തിനായ് കാതോർത്തു . ഒരു അപരിചിതന് കോലാഹലമായി തോന്നിയെക്കാവുന്ന ആ സംഗീതം എനിക്കെന്നും നൽകിയത് ഗൃഹാതുരത്വത്തി ന്ടെ ഊഷ്മള സ്മരണകളായിരുന്നു.
ദയാലുവായ ദൈവം ആദമിനെയും ഹൗവ്വയേയും സ്വർഗത്തിൽ നിന്നും പുറത്താക്കിയെങ്ങിലും, അവർക്കായി ഭൂമിയിൽ അങ്ങിങ്ങായി ചെറിയ ചെറിയ പറുദീസകൾ നിർമിച്ചു കൊടുത്തു എന്ന് അമ്മമ്മ പറയാറുണ്ട് . അവയിൽ ഒന്നാണ് എന്ന് തോന്നുന്നു എന്റെ ശ്രീപുരം. മൈലുകളോളം പരന്നു കിടക്കുന്ന പച്ചപാടങ്ങൾ , തിങ്ങി വളരുന്ന തെങ്ങുകൾ , ആകാശത്തെളിമയുള്ള ചെറു പൊയ്കകൾ, പശ്ചിമ ദിക്കിൽ കാവലായി അറബിക്കടൽ ... എല്ലാം എല്ലാം എന്റെ ശ്രീപുരത്തെ അതി സുന്ദരിയാക്കുന്നു. സൂര്യൻ നിറങ്ങൾ കൊണ്ട് കളിച്ചു മടുത്ത്, തന്ടെ ചിത്രരചന മതിയാക്കി കടലിലേക്ക് മറഞ്ഞാലും, സഞ്ചാരികൾ ശ്രീപുരത്തിന്ടെ മനോഹര തീരം വിട്ടു പോകാൻ മടിച്ചു. ഓരോ ഋതുവും അവളെ മിഴിവാർന്ന നിറങ്ങൾ അണിയിക്കാൻ മത്സരിച്ചു .
ചാരവർണ്ണമണിഞ്ഞ ആകാശം കുഞ്ഞു മഴത്തുള്ളികൾ വാരിയെറിഞ്ഞു എനിക്ക് സ്വാഗതം ഓതി . മറുപടിയായ് എന്റെ ഹൃദയo ഒരു ആഹ്ലാദ ഗാനം പാടി .
ഈറനണിഞ്ഞു പച്ചയുടുത്ത എന്ടെ സുന്ദരിയോടൊപ്പം ഒരു അവധിക്കാലം.
എന്ജിനീരിംഗ് പഠനതിന്ടെ തിരക്കിൽ എനിക്ക് നഷ്ട്ടപ്പെട്ടത് ശ്രീപുരത്ത് ഞാൻ ആഘോഷിച്ച എന്റെ അവധിക്കാലങ്ങൾ ആയിരുന്നു. ആറുമാസത്തിൽ ഒരിക്കൽ വന്നുചേർന്ന സെമസ്റ്റെർ ബ്രേക്കുകൾ പരീക്ഷകളും, പഠനയാത്രകളും കവര്ന്നെടുത്തതു കാരണം മൂന്നു വര്ഷത്തിനു ശേഷമായിരുന്നു ശ്രീപുരത്തെക്കുള്ള ഈ യാത്ര. എല്ലാ അവധിക്കാലങ്ങളിലുo ശ്രീപുരത്തേക്ക് ഓടിവരാൻ കൊതിച്ച മനസ്സിനെ അടക്കാൻ ഞാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രം അറിയാം. കഷ്ടം തോന്നി ആ പാവം ഒടുവിൽ എന്ടെ പ്രാര്ത്ഥന കേട്ടു.
അമ്മമ്മയുടെ വീട്ടിൽ എത്തിയപ്പോഴേക്കും മഴ കാണാതിരുന്നു. വരാന്ദയിൽ നിറഞ്ഞ ചിരിയോടെ എന്നെ കാത്തു അമ്മമ്മ ഇരിപ്പുണ്ടായിരുന്നു. മുണ്ടും വേഷ്ടിയും ധരിച്ച്, വെള്ളിനിറമുള്ള തന്ടെ മുടി ഒതുക്കി കെട്ടി, ഈ കോരിച്ചൊരിയുന്ന മഴയിലും ഒരു തുമ്പപ്പൂവിന്ടെ പ്രസരിപ്പോടെ!
ഗോപു കാർ മുറ്റത്ത് നിർത്തിയ നിമിഷം, ഞാൻ ഇറങ്ങിയോടി. മഴയത്തൊരു ഡാൻസ്, അതായിരുന്നു ഉദ്ദേശം.
അമ്മമ്മ ചിരിച്ചുകൊണ്ട് തന്നെ എന്നെ സ്വീകരിച്ചു പക്ഷെ നനഞു കുതിർന്ന എന്റെ മുടി കണ്ടപ്പോൾ ആ ചിരി മാഞ്ഞു .
"അനു, ഇപ്പോഴും കുട്ടിയാനെന്നാണോ വിചാരം? നീ എപ്പോഴാ നന്നാവുക ?"
"അമ്മമ്മേ, വഴക്ക് പറയല്ലേ. എന്റെ കാര്യം എന്റെ ചക്കരയ്ക്ക് അറിയില്ലേ? മഴ ആസ്വദിക്കാൻ കിട്ടിയ ഒരു അവസരം ഞാൻ പഴാക്കുമോ?"
ചെവി പിടിക്കാൻ ഒരുങ്ങിയ അമ്മമ്മയ്ക്ക് പിടി കൊടുക്കാതെ ഞാൻ വീട്ടിനുള്ളിലേക്ക് ഓടി കയറി. ഫിൽടർ കാപ്പിയുടെ മണം പിന്തുടർന്ന എന്റെ യാത്ര ഡൈനിങ്ങ് ടാബിളിൻ മുന്നിൽ അവസാനിച്ചു. പ്രതീക്ഷിച്ചതു പോലെ അപ്പവും വറുത്തരച്ച കോഴിക്കറിയും എന്നെയും കാത്തു അവിടെ ഇരിപ്പിടുണ്ടായിരുന്നു. മനുഷ്യനെ എളുപ്പത്തിൽ വശത്താകുവാനുള്ള കെണി, കൊതിപ്പിച്ചു കൊല്ലുക ! ഒരു പ്രതിഷേധ സൈറണ്‍ മുഴക്കി എന്റെ വയർ 'ഉടൻ ' എന്ന് മോങ്ങി.
"അമ്മമ്മേ, ദേ , എന്റെ വയർ ശരണം വിളി തുടങ്ങി. ടൈറ്റാനിക് മുങ്ങാൻ പാകത്തിൽ വെള്ളമുണ്ട് വായിൽ. ഈ അപ്പവും കോഴിക്കറിയും എന്നെ കൊല്ലാതെ കൊല്ലും." കസേര വലിച്ചിട്ടു ഞാൻ വെട്ടി വലിച്ചു തിന്നാൻ റെഡി ആയി. കഴിയാവുന്നത്ര അപ്പം അകത്താക്കണം. അതു മാത്രമായിരുന്നു ലക്‌ഷ്യം.
"ജലദോഷം വരുത്തി വയ്ക്കാൻ ആണോ നിന്ടെ ഭാവം? നനഞ്ഞ കൊഴിയെപ്പോലുണ്ട് നീ ഇപ്പോൾ. പോയി ഡ്രസ്സ് മാറി, മുടി ഉണക്കി വാ. എന്നിട്ട് മതി," അമ്മമ്മ, കാസ്സെരോൾ മൂടിക്കൊണ്ട് പറഞ്ഞു
"എന്റെ പോന്നല്ലേ, ഞാൻ തിന്നിട്ടു ഡ്രസ്സ് മാറാം." ഞാൻ ഒരു അവസാന ശ്രമം നടത്തിനോക്കി. ഫലിച്ചില്ല!
പെട്ടന്ന് തന്നെ ഡ്രസ് മാറി മുടിയുണക്കി ഞാൻ തിരിച്ചു വന്നു എന്റെ വയറിന്ടെ കാളൽ അവസാനിപ്പിക്കാനിരുന്നു. മുട്ടോളം എത്തുന്ന എന്റെ നീല കാപ്രി പാന്റും, ചിത്രതുന്നാൽ ചെയ്തു മനോഹരമാക്കിയ ഷർട്ടും അമ്മമ്മയുടെ പ്രീതി സമ്പാതിച്ചു എന്ന് എനിക്ക് മൂപ്പത്തിയുടെ ചിരിയിൽ നിന്ന് മനസ്സിലായി. ആണ്‍കുട്ടിയെപ്പോലെ വേഷം ധരിക്കാൻ ഇഷ്ടമുള്ള എനിക്ക് ഏറ്റവും വലിയ പിന്തുണ അമ്മമ്മ ആണ്.
"ഉം... അടിപൊളി അപ്പം. ഇത് ഷെയ്ഖ്സ്പീർ കഴിച്ചിരുന്നെങ്ങിൽ ഒരു അയ്യായിരം സോണെറ്റ് എഴുതിയേനേ!" അപ്പവും കൊഴിക്കറിയും എന്റെ രസമുകുളങ്ങളെ താലോലിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മന്ത്രിച്ചു.
അമര്‍ത്തിച്ചിരിചെങ്കിലും അമ്മമ്മ മിണ്ടാതിരുന്നു ഭക്ഷണം കഴിക്കാൻ ആജ്ഞാപിച്ചു. ഒരു വിഷമവും പ്രകടിപ്പിക്കാതെ ഞാൻ അതനുസരിച്ചു.
സമയം സന്ധ്യയോട് അടുത്തിരുന്നു. സൂര്യൻ തന്ടെ അസ്ത്രങ്ങൾ ഓരോന്നായി ആവനാഴിയിലേക്ക് തിരിച്ചു വച്ച് , യാത്ര തിരിക്കാൻ തുടങ്ങിയിരുന്നു. എങ്ങോ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധവും പേറി ഒരിളം തെന്നൽ മുറിയിലൂടെ ചുറ്റി നടന്നു. കുടെ എന്റെ മനസ്സും ഗതാകാലങ്ങളിലേക്ക് യാത്ര തിരിച്ചു. എത്ര എത്ര ഓർമ്മകൾ ഉറങ്ങുന്നു ഈ വീട്ടിൽ.
അപ്രതീക്ഷിതമായി കാള്ളിംഗ് ബെല്ലിന്ടെ ശബ്ദം മുഴങ്ങിയപ്പോൾ, ഞാൻ ചെറുതായൊന്നു ഒന്ന് ഞെട്ടി.
"ആരായിരിക്കും അത്?"
"ഞാൻ നോക്കാം അമ്മമ്മേ! അത് അമ്മുവും കൂട്ടരും ആവും." കൈ കഴുകിയ ശേഷം കളിക്കുട്ടുകാരെ കാണുവാനുള്ള ആവേശത്തോടെ, ഞാൻ വാതിൽ തുറക്കാനായി ഓടി.
തുടരും ...